Thursday, 31 January 2008

ഗോപിയമ്മാവന്‍

ഇളം കുളിരിന്‍റെ കൈപിടിച്ചാണ്‌
ഗോപിയമ്മാവന്‍ പടിയിറങ്ങിയത്‌
കുളിരു പുണര്‍ന്നൊടിവില്‍
തണുപ്പിച്ചു കിടത്തി.

കളപ്പുരയിലെ പുന്നെല്ലു മണത്തിനിടയിലൂടെ
ഓര്‍മ്മകള്‍ ഓലക്കാല്‍കാറ്റാടി പറത്തിയപ്പോള്‍
ഒരു ചിരി കൂടെയോടി

മൂവാണ്ടന്‍ മാവില്‍ തൂങ്ങിയ കൊതിയെ
അടര്‍ത്തിത്തന്നപ്പോള്‍
'നീറു' കൊടുത്ത നോവ്‌ സ്നേഹം കൊണ്ട്‌ ചുരണ്ടിക്കളഞ്ഞു..

കൊല്ലം-കോന്നി 'സ്വപ്ന' ബസില്‍
എല്ലാ മെയ്‌മാസവും
ഒരു മുറുക്കന്‍ മണം കൊണ്ടുവന്നിരുന്നു..

കണ്ണാരം പൊത്താന്‍
കൊത്തംകല്ലാടാന്‍
അച്ചന്‍കോവിലാറ്റില്‍ അടയിരിക്കാന്
‍കൂട്ടിനു
രണ്ടു മക്കളെ പറഞ്ഞുവിട്ടിരുന്നു...

ഗോപിയമ്മാവന്‍ തണുത്തുറഞ്ഞു
വള്ളിനിക്കര്‍ സ്മരണ
അമ്മയെ ബോധക്ഷയത്തിനിടവേളയില്‍ നുള്ളിയുണര്‍ത്തുന്നത്രേ

'ഗോപിയണ്ണാ... ഒരു ആഞ്ഞിലിച്ചക്കകൂടി പറിച്ചു തന്നിട്ടു പോ... "

അമ്മയുടെ അനാഥ വ്യഥ ഇപ്പോഴും തലതല്ലുന്നത്രേ

'ഗോപിയണ്ണാ... ഒരു ആഞ്ഞിലിച്ചക്കകൂടി പറിച്ചു തന്നിട്ടു പോ... "

(എന്‍റെ അമ്മാവന്‍ ഇന്നലെ രാത്രി അന്തരിച്ചു)

Thursday, 17 January 2008

വിശ്വാസം

നെറ്റും
സെല്‍ഫോണൂം
മൈക്രോചിപ്പുകളുടെ അതിപ്രസരങ്ങളും ഇല്ലാതിരുന്ന പണ്ട്‌
എന്‍റെ മോഹങ്ങളും സ്വപ്നങ്ങളും
നിന്നില്‍ മാത്രം അടങ്ങിക്കിടന്നിരുന്നു

നിന്‍റെ മോഹങ്ങളും സ്വപ്നങ്ങളും
എന്നില്‍ മാത്രം കുരുങ്ങിക്കിടന്നിരുന്നു

ഇന്ന്
ഇതെല്ലാം ആയപ്പോള്‍
നീ എങ്ങനെ എന്നെ വിശ്വസിക്കും
ഞാന്‍ എങ്ങനെ നിന്നെ വിശ്വസിക്കും.....

Thursday, 3 January 2008

പുതുവര്‍ഷമോഹം


കാണുമോ പടിക്കല്‍ നീ കണ്ണിലെ തിരിയുമായ്‌
കാതങ്ങള്‍ കടന്നു ഞാനെത്തുമാ തൃസ്സന്ധ്യയില്‍
ക്ളാവേറിപ്പടര്‍ന്നൊരെന്‍ കരളിന്‍ വിളക്കില്‍ നിന്‍
കൈവിരല്‍ത്തുമ്പാല്‍ നിറദീപങ്ങളുണര്‍ത്തുവാന്‍