Friday, 23 May 2008

അമ്മയുടെ കത്ത്‌...

മകനേ എന്നെക്കൂടി കൊണ്ടുപോവുക വേഗം
മതിയായെനിക്കിപ്പോള്‍ മലനാട്ടിലെ വാസം
രണ്ടുനാളായി പടിവാതില്‍ക്കല്‍ വരുന്നൊരു
തണ്ടുമൂത്തൊരു മസില്‍ധാരിയും പിണിയാളും

'തള്ളേ നീ വില്‍ക്കൂ വീടും പറമ്പും ഞങ്ങള്‍ക്കുടന്‍
തൊള്ളയില്‍ ശ്വാസം വേണേല്‍, പുതിയ ഫ്ലാറ്റിന്നായി
ആറേഴു സെന്‍റും കൂടി വേണമായതിലേക്ക്‌
തീറെഴുതേണമുടന്‍ അല്ലെങ്കില്‍ മരണവും'

ഭയന്നു വിറച്ചു ഞാന്‍ കോലായിലിരിക്കവെ
ഭസ്മവും കൈയിലൊരു ശൂലവും പേറിക്കൊണ്ട്‌
വരുന്നൂ ജടസ്വാമിയൊരുത്തന്‍ നിറതോക്കാല്‍
'കൊടുക്കൂ മണ്ണെന്‍ വത്സേ ശപിക്കുമല്ലെങ്കില്‍ ഞാന്‍ ‘

തിണ്ണയില്‍ കിതച്ചല്‍പ്പം നില്‍ക്കുമാ വേലക്കാരി
പെണ്ണിനെ കണ്ടനേരം വിടര്‍ത്തി മിഴി മുനി
'വത്സേ നീ ഉടുതുണി അഴിച്ചു വരൂ പൂജ-
ക്കുത്സാഹത്തോടെ ജന്‍മം ധന്യമായ്ത്തീരും പക്കാ
തെക്കുനിന്നൊരു വരന്‍ വന്നിടും നിനക്കായ്‌
വിഘ്നമുണ്ടൊരിത്തിരി നഗ്നപൂജ താന്‍ ക്രിയ.. '

ഉടനെയെത്തി എന്‍റെ വോട്ടിനാല്‍ ജയിച്ചവന്‍
ഉടുമുണ്ടിലെ വെണ്‍മ പരത്തിച്ചിരിച്ചിട്ട്‌
'ക്വട്ടേഷന്‍ വന്നാലെന്നെ കുറ്റമോതല്ലേ ചേച്ചീ
ക്വാട്ടയുണ്ടെനിക്കുമൊരല്‍പ്പമതോര്‍ത്തീടേണേ'

പെട്ടെന്നു നിലവിളിയൊത്തിരി മുഴക്കി ഞാന്‍
തൊട്ടടുത്തുള്ളോരാരും വന്നതേയില്ല കല്ലിന്‍
മതിലിന്നകത്തിരുന്നവരോ ടെലിവിഷന്‍
ചതുരത്തിലെ 'സിംഗര്‍' ആസ്വദിക്കുകയല്ലേ

വിറച്ചു പോലീസ്‌ സ്റ്റേഷന്‍ തിണ്ണയിലെത്തീ ഞാനും
തരിച്ചു കണ്ടൂ! സ്വാമി ഏമാന്‍റെയൊപ്പമിരു-
ന്നുടച്ചു കഴിക്കുന്നു മുട്ടയും പാലപ്പവും
ഇടയ്ക്ക്‌ ഫോണില്‍ക്കൂടി 'ഇരയെ' വിരട്ടലും

തിരികെ വന്നൂ വീടിന്നരികില്‍ കണ്ടു വാറ്റു-
ചരുവം കൂടെ നാലു കന്നാസും പ്രജകളും
'നാവടക്കുക തള്ളേ കള്ളുവാറ്റിവിടിന്ന്
നാല്‍പ്പതു പേരുവന്നാല്‍ നല്‍കണം ടച്ചിംഗ്‌ നിങ്ങള്‍
ഇല്ലെങ്കില്‍ കഴുത്തറുത്തവിയല്‍ വക്കും തെല്ലു
പൊല്ലാപ്പും വേണ്ടാ ഞങ്ങള്‍ ആരെന്നതറിയില്ലേ.. '

പിറ്റേന്നു കാലത്തോടി കിതച്ചങ്ങെത്തി കൊച്ചു
മുറ്റത്തേക്കമ്മുക്കുട്ടി നമ്മുടെ വേലക്കാരി
'ചേച്ചീയെന്‍ കെട്ട്യോന്‍ വക ഓട്ടോറിക്ഷയെ തല്ലി
ചതച്ചിട്ടൊടുക്കം തീ വച്ചല്ലോ നരാധമര്‍
തലവെട്ടുവാനോട്ടം പോകുവാന്‍ വയ്യെന്നൊന്ന്
ഉരുവിട്ടതിനാണീ ചതി ഞാനെന്തു ചെയ്യും.
മെമ്പറോടൊതീ പക്ഷെ പുള്ളിയും പറയുന്നു
അമ്പെടീ ജീവന്‍ ബാക്കി ഉണ്ടല്ലോ മഹാഭാഗ്യം.. '

വയ്യെനിക്കുണ്ണീയൊരു നിമിഷം പോലും മഹാ
വയ്യാവേലിയാം നാട്ടില്‍ പൊറുക്കാന്‍ ഉടനേ നീ
വരിക കൊണ്ടുപോക എന്നെയും കൂടി മഹാ
നരകമെന്നാകിലും ദില്ലിയില്‍ പൊറുത്തോളാം
മരവിപ്പേറും കൊടും തണുപ്പും ചൂടും കൊള്ളാം
മരിച്ചു ജീവിക്കുന്നതേക്കാളും സുഖമല്ലേ

Thursday, 10 April 2008

വിഷുക്കണി


പ്രിയേ നീ വളയണിക്കൈകള്‍ മാറ്റുക
മിഴിപൊത്തലില്‍ നിന്നുണര്‍ന്നിടാം ഞാന്‍
കാണം എനിക്കായി നീ വിയര്‍ത്തൊരുക്കിയ
കണിക്കൊന്ന സ്വര്‍ണ്ണവും തേങ്ങാമുറിയും
കണ്ണടത്തുണ്ടും മാമ്പഴവും മണിക്കസവില്‍
ചിരിക്കാതെ ചിരിക്കുന്ന കണ്ണന്‍‌റെ നോട്ടവും...

ഇല്ല
ഇന്ന് ഞാന്‍ കാണില്ല
വെള്ളരിയില്‍ ഒരു കര്‍ഷകന്‍‌റെ
ആത്മഹത്യാക്കുറിപ്പ്.
അരിയില്‍ ഒരു വായ്ക്കരി
കണ്ണടയില്‍ അങ്ങേ റെയില്‍ ട്രാക്കില്‍
കണ്ണടച്ചു വിസര്‍ജ്ജിക്കും ചെളിജന്മം

ഇല്ല
ഇന്നു ഞാന്‍ കാണില്ല
മാങ്ങയില്‍
ചതിസൂചി കുത്തിയിറക്കിയ കള്ളമധുരം

ഇല്ല
ഇന്നു ഞാന്‍ കാണില്ല
കണ്ണന്‍‌റെ കണ്ണില്‍
രാധികാ നൊമ്പരം

നീ അല്ലേ പറഞ്ഞത്
ബാക്കിയുണ്ടല്ലോ ഇപ്പൊഴും മണ്ണില്‍
ശ്വാസവും ശ്വസിക്കുവാന്‍
കറുത്തുതുടങ്ങിയീങ്കിലും
ഒത്തിരി പ്രാണവായുവും എന്നൊക്കെ

ഇനി നീ കൈ മാറ്റിക്കോളൂ

ഉറപ്പ്..

ഇന്ന് ഞാന്‍ കണികാണം..
എല്ലാം..

കണ്ണുമാറ്റി കാതില്‍ പൊത്തൂ..
കേള്‍ക്കാതിരിക്കാം ഒരു തെരുവു ഗാനം

‘കാണുവതെങ്ങിനെ കണ്ണാ നിന്നുടെ
കമലക്കണ്ണും കാല്‍ത്തളയും...”