
മുതലാളിയുടെ കാരുണ്യമായി കിട്ടിയ ദീവാലി ഗിഫ്റ്റ് മൂടിതുറന്നു നോക്കിയപ്പോള്‍, മേഡ് ഇന്‍ ചൈന എമേര്‍ജന്‍സി ലാമ്പ്.. കൊള്ളാം, രണ്ടുദിവസം ഓടിക്കഴിഞ്ഞ് കരിഞ്ഞമണമടിക്കുമ്പോള്‍, കവാടിവാലായ്ക്ക് കൊടുക്കാം... രണ്ടുരൂപ എന്തായാലും കിട്ടും..
ജി.ടാക്കില്‍ പോപ്പപ്പ്.... മാത്യു T.K. സ്റ്റാറ്റസ് മെസേജ് "പുതിയ കുട്ടി.... "
"അച്ചായോ... പുതിയ കുട്ടി എപ്പോ ഉണ്ടായി... ഈശ്വരാ..എന്നിട്ടാണോ മിണ്ടാതിരിക്കുന്നത്.. മിട്ടായി എടുക്കച്ചായാ.." എന്‍റെ വിരലുകള്‍ കീബോര്‍ഡിലൂടെ പറന്നു..
"ഊതല്ലേ അച്ചായാ... മെസേജ് മുഴുവന്‍ വായിക്ക്.... 'പുതിയ കുട്ടിക്കവിത...കാട്ടിലെ കണ്ണന്‍" മഴത്തുള്ളിയുടെ മറുപടി..
"അയ്യപ്പാ..... തെറ്റിദ്ധരിച്ചു....അങ്ങു ഷമി...അതുപോട്ടെ.. ദീവാലിയായിട്ട് നാളെ എന്താ പരിപാടി... 'ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവില്‍ മിണ്ടാതെ നേരെ മമ ബാത്‌റൂമിലേക്കു ശിവ..' ഒക്കെ പാടി ഫിറ്റാവേണ്ടേ അച്ചായാ... എന്‍റയര്‍ വേള്‍ഡ് ഈസ് സെലിബ്രേറ്റിംഗ്.. എന്തിനു നമുക്ക് വേണ്ടാന്നു വെക്കണം..... "
"അച്ചായാ... നമ്മള്‍ രണ്ടും പേരും ഇപ്പോള്‍ തുല്യ സന്തുഷ്ടര്‍... കുടുംബം കൂടെ നഹി... പറ്റുമെങ്കില്‍ നാളെ കാലത്ത് റൂമിലോട്ട് പോരച്ചായാ....." മാത്യൂസ് ഫോമില്‍..
"ഡണ്‍...എപ്പോ വന്നെന്ന് ചോദിച്ചാ പോരെ എന്‍റെ മൂവാറ്റുപുഴയിലെ മൂവന്തിച്ചോപ്പുള്ള അച്ചായാ... നാളെ വൈകിട്ട് മൂന്ന് മണിക്ക് ഒരു സുഹൃത്തിന്‍റെ കവിതാ സമാഹാരം റിലീസ്, അറ്റ് കേരള ഹൌസ്... അതുകഴിഞ്ഞ് ഞാന്‍ നേരെ അങ്ങോട്ട്... ഗെറ്റ് റെഡി വിത് കിംഗ് ഫിഷര്‍. മനസിലായോ.. നാലഞ്ചു ബോട്ടില്‍ പൊന്‍മാന്‍ കുഞ്ഞുങ്ങളെ ഫ്രീസറിലോട്ട് വച്ചേക്കണമെന്ന്.... "
"ഏറ്റച്ചായാ.... പതിവുപോലെ കളിപ്പിക്കല്ലേ.... കാശില്ലാത്ത സമയമാ.... ഇപ്പോ എവിടെ ചെന്നാലും 'ഉര നടക്കുമോ ഭൈയ്യാ എന്നാ ഞാന്‍ ചോദിക്കാറു.. "
"എന്നാ ഉര?"
"ക്രെഡിറ്റ് കാര്‍ഡ് ഉര..... ബോട്ടില്‍ കാശ് വേസ്റ്റാക്കരുതെന്ന്... യു ഹാവ് ടു കം... "
ദീവാലി ദിനം..
കണികണ്ടത് ചൌക്കീദാരെ... ചില്ലറ കൊതിച്ച് ഒരു വളിച്ച ചിരിയുമായി വാതിലില്‍..
"അരേ...ഉല്ലൂ.... നീ വാച്ച് ചെയ്ത് ചെയ്ത് കഴിഞ്ഞ ആഴ്ച എന്‍റെ ബൈക്കിന്‍റെ ഒരു കണ്ണാടി ഗയാബ്.. പിന്നെ വെളിയിലത്തെ ഒരു ബള്‍ബ് ഗയാബ്.. ദാ മിനിഞ്ഞാന്ന് വണ്ടിയില്‍ നിന്ന് ഒരുലിറ്റര്‍ പെട്രോള്‍ ഗയാബ്.. ഇങ്ങനെയാല്‍ ഉടന്‍ തന്നെ ഈ ഞാനും ഗയാബ് (മിസിംഗ്) ആവും..." പത്തുരൂപ നീട്ടി അവന്‍റെ വയറ്റിലൊരു കുത്ത്..
സൌജന്യ മലയാളം ക്ളാസിലെ വിദ്യാര്‍ഥി ഹര്‍ഷ് വാതിലില്‍ മുട്ടിയപ്പോള്‍ മണി പത്ത്...
"അങ്കിള്‍... പപ്പാ പറഞ്ഞു ബ്രേക്ക് ഫാസ്റ്റിനു വിളിച്ചോണ്ട് വരാന്‍... പ്ളീസ്.. വന്നേ പറ്റൂ... "
"അതിനു ഞാന്‍ വരുന്നില്ലെന്നു പറഞ്ഞില്ലല്ലോ കുഞ്ഞേ.... കൊള്ളാം.. ഇങ്ങനത്തെ പപ്പാമാരെയാണു നമുക്ക് വേണ്ടത്.. "
ഒരുമണിക്ക് ബസ്‌റ്റോപ്പിലേക്ക്..
ജമന്തിപ്പൂവുകള്‍... വിളക്കുകള്‍... വാണിഭമേളങ്ങള്‍.. നഗരം ആഘോഷത്തിമിര്‍പ്പില്‍.
ദില്ലി ഇങ്ങനെയാണു...
സ്ഫോടനസ്മൃതികളിലും അവള്‍ ആഘോഷത്തിരയിലേക്ക് ഊളിയിടും.. അതിജീവനത്തിനുവേണ്ടി പൊരുതിയും, കള്ളം കാണിച്ചും, മൃദുലവികാരങ്ങളെ വരട്ടിയെടുത്തും പുഴുതുല്യരായ ലക്ഷങ്ങള്‍, മനസിന്‍റെ ഉമ്മറത്ത്, പൂത്തിരിയും കുരവപ്പൂവും കത്തിച്ച് തുള്ളിച്ചാടും...
ദീവാലി ദില്‍ വാലോം കീ
ദില്ലി ദില്‍ വാലോം കീ......
മെഴ്‌സിഡസ് കാറില്‍ അറിയാതെ ഒന്നുരഞ്ഞുപോയ സൈക്കിള്‍ റിക്ഷക്കാരനെ ഇരുകരണത്തും മാറിമാറി അടിച്ചു കാല്‍ക്കല്‍ വീഴിക്കുന്ന, ഇക്കണോമിക്സ് ടൈംസിലെ ഷെയര്‍ ഗ്രാഫിനു നെഞ്ചിടിപ്പ് തീറെഴുതി കൊടുത്ത നാലാം കിട സാഡിസ്റ്റുകള്‍ തോളോട് തോള്‍ ചേര്‍ന്നു പറയുന്നു.. ദില്ലി ദില്‍വാലോം കീ...
കേരള ഹൌസ് കോണ്‍ഫറന്‍സ് ഹാള്
കവി രാംദാസിനു കൈകൊടുത്തു...
സച്ചിദാനന്ദന്‍ മാഷിനു പുഞ്ചിരി കൊടുത്തു...
ഏഴമറ്റൂറ്‍ രാജരാജവര്‍മ്മയെ കൈകൂപ്പി.
സച്ചിമാഷിന്‍റെ പ്രഭാഷണം. ഓരോ വാക്കും ഒോരോ കവിത..
ജീവിതത്തീയിലും കവിതയുടെ പച്ചപ്പു വിളയിച്ച ആ മഹാന്‍റെ മുന്നില്‍ സമയം പോലും മുട്ടുകുകുത്തുന്നു.
അഞ്ചുമണിയ്ക്ക് അച്ചായന്‍റെ മിസ്‌കാള്‍.
കവിതാപുസ്തകം ഒപ്പിട്ടു തന്ന രാംദാസിനെ പുണര്‍ന്ന് പറഞ്ഞു
"നീ തെളിയും രാമാ... ഈ അഞ്ചുവരി മാത്രം മതി നിന്‍റെ കാലിബര്‍ അറിയാന്‍
'നെബുലകള്‍ക്കുള്ളില്‍
പുതിയ ക്വാസാറുകള്‍ രൂപം കൊള്ളുമ്പോള്‍
നമ്മളെന്തിനു വെറുതെ
പരിണാമത്തിരകളെണ്ണി നേരം പോക്കണം' "
നേരേ ബസ്‌സ്റ്റോപ്പിലേക്ക്.
ജന്തര്‍മന്തറിലെ ധര്‍ണ്ണകള്‍.
നിരാഹാരസമരങ്ങള്‍.
ആഘോഷദിവസവും പരാതിക്കാരെയും പട്ടിണിക്കാരെയും താങ്ങി പാവം ദില്ലി.
ദില്ലീ... നീ താങ്ങാത്ത വേദനകളില്ല... നീ അറിയാത്ത നോവുകളില്ല. അതുകൊണ്ടാണു നിന്നെ ഞാന്‍ വിട്ടുപിരിയാത്തത്...
"ഔങ്ങ് സാന്‍ സൂകി നീഡ്സ് യുവര്‍ ഹെല്‍പ്.." വഴിയരികില്‍ ബര്‍മ്മാക്കാരന്‍ എന്നു തോന്നിക്കുന്ന ഒരാള്‍ പിടിച്ചിരിക്കുന്ന ബോറ്‍ഡിലെ വരികള്‍..
ചിത്രത്തിലെ സൂകിയുടെ കണ്ണില്‍ വിമോചന ദാഹത്തിന്‍റെ തിളക്കം. മ്യാന്‍മറിലെ തടവറയില്‍ തളരാതിരിക്കുന്ന പെങ്ങളേ, ഒരു നാടിന്‍റെ സ്വപ്നത്തെ കരളില്‍ കൊണ്ടു നടക്കുന്നോളേ ഈ പോഴയുടെ എന്തു സഹായം ആണു നിനക്കു വേണ്ടത്...
അഞ്ഞൂറാം നമ്പര്‍ ബസില്‍ നേരെ ഐ.എന്‍.ഐ മാര്‍ക്കറ്റിലേക്ക്.. അച്ചായന്‍ പറഞ്ഞ മീറ്റിംഗ് സ്പോട്ടിലേക്ക്....
പടക്കങ്ങള്‍, പൂത്തിരികള്‍, തറച്ചക്രങ്ങള്‍.. ദില്ലി തിളങ്ങിത്തുടങ്ങി.
മത്തായിച്ചനെ കാത്ത്, മലബാര്‍ ജ്യുവല്ലറിയുടെ മുന്നില്‍.....
മാര്‍ക്കറ്റില്‍ ആഘോഷത്തിമിര്‍പ്പ്.. ഷോപ്പിംഗ് തിരക്ക്... ഭ്രാന്തമായ ഉത്സവലഹരി..
ആള്‍ ഇന്ത്യ മെഡിക്കലിലെ സുന്ദരികളായ മലയാളി നഴ്‌സുകള്‍ പര്‍ച്ചേസിംഗ് സ്പ്രീയില്‍.
"അതു കൊള്ളാമല്ലോടീ... എന്തു വിലവരുമെടീ.." എന്തോ സാധനം കണ്ട് ഒരാള്‍ കൂട്ടുകാരിയോട്..
"നീ പോയി പൂച്ചെടീ..... "
'പൂച്ചെടി...?? ഇതെന്നാ പ്രയോഗം പെങ്ങളേ.....' എനിക്ക് കണ്‍ഫ്യൂഷന്‍.
'ഓ.. സങ്കരഭാഷ. പൂഛ് എന്ന ഹിന്ദിയും 'എടീ' എന്ന മലയാളവും ഒന്നിച്ചൊരു നാഷണന്‍ ഇന്‍റഗ്രേഷന്‍.... "പൂച്ചെടീ"
"ബേട്ടാ....ഏക് റുപയാ ദേദോ..." കരയാന്‍ വയ്യാതെ കരച്ചില്‍ അഭിനയിച്ചുകൊണ്ടൊരു അമ്മ..
പോക്കറ്റില്‍ തപ്പിയപ്പോള്‍ കിട്ടിയ പത്തുരൂപ നീട്ടി..
"ദീവാലി മുബാരക് ഹോ ബേട്ടാ..... " ആശംസ തന്ന ആ കണ്ണിലേക്ക് രണ്ടാമത് നോക്കാന്‍ വയ്യ
"മുബാരക് എന്ന് പറയാതെ അമ്മേ... മുഹ് ബാരക്ക് എന്നുപറ. ദീവാലി വന്നാലും പൊന്നോണം വന്നാലും ഇന്ത്യന്‍ ജനതയുടെ നല്ലൊരു പങ്കിന്‍റേയും വായ പട്ടിണിയുേടെ ബാരക്കിലാണു.. അതുകൊണ്ട് ദീവാലി മുഹ് ബാരക്ക് "
"അച്ചായോ......................... "
മാത്യു അച്ചായന്‍ പുറകിലൂടെ വന്ന് വരിഞ്ഞു മുറുക്കിയതും തൊട്ടടുത്ത് ഒരു ഗുണ്ട് പൊട്ടിയതു ഒന്നിച്ച്...
"കുട്ടമാമാ ഞാന്‍ ഞെട്ടിമാമ....." പൊട്ടിച്ചിരിച്ചുകൊണ്ട് അച്ചായനെ തിരിച്ചൊരു പുണരല്‍..
പൂത്തിരി പ്രഭയിലൂടെ അച്ചായന്‍റെ തോളില്‍ കൈയിട്ട് മലയാളി ഹോട്ടലിലേക്ക്..
"അച്ചായോ..എന്തുവേണമെന്ന് പറഞ്ഞോ.. ചോയ്സ് ഈസ് യുവേഴ്സ്..." മൂവാറ്റുപുഴക്കരന്‍ കൃസ്ത്യാനിപ്പയ്യന്‍റെ സ്നേഹത്തിന്‍റെ പള്‍സ് എത്ര വലുത്....
കപ്പ, മീന്‍കറി, പോറോട്ട, പൊരിച്ച പോത്ത്...... എല്ലാം കൂടി വാരിക്കെട്ടി മത്തായിച്ചന്‍റെ ഹീറോ ഹോണ്ടയുടെ പുറകില്‍ ഞാന്‍...
"എന്തൊരു പിക്കപ്പാ അച്ചായാ വണ്ടിക്ക്..... വാട്ടീസ് സീക്രട്ട് ഓഫ് ദിസ് എനര്‍ജി...." പൊട്ടിച്ചിരികള്‍ നെയ്തു കൊണ്ട് ബൈക്ക് യൂസഫ് സരായിലൂടെ, ചിറാഗ് ദില്ലിയിലൂടെ നേരേ ഛത്തര്‍പൂരിലേക്ക്.
റെഡ്‌ലൈറ്റില്‍ ജമന്തിപ്പൂ ചൂടിയ വാടിയ ഒരു പെണ്‍കുട്ടി.. പട്ടിണികൊണ്ട് ചുണ്ടില്‍ ശൃംഗാരം വരച്ച് ക്ഷണിക്കുന്നു....
"ഛത്തര്‍ പുരിയിലെ പെണ്‍കുട്ടി... നിന്‍റെ
ചിത്തത്തിലെന്തേ തികട്ടി..... "
രണ്ടുവരി അവള്‍ക്ക് കൊടുത്തപ്പോഴേക്കും അച്ചായന്‍ വണ്ടി റേയ്സു ചെയ്തു.....
നേരേ അച്ചായന്‍റെ ഫ്ലാറ്റില്‍....
"മനോഹരം മാത്യൂസേ.....തവ വിഹാര രംഗം" വലം കാല്‍ വച്ചകത്തേക്ക്..

കൊച്ചുവര്‍ത്തമാനത്തിന്‍റെ പൊതിയഴിച്ചൊരു മണിക്കൂറ്‍...
കിംഗ് ഫിഷര്‍ പതഞ്ഞു.. കപ്പ മീനില്‍ കലര്‍ന്നു..
പുറത്ത് പടക്കത്തിന്‍റെ ഒച്ച.... ആകാശത്ത് പൂത്തിരിശോഭ..
"ഡെല്‍ഹി തിമിര്‍ക്കുന്നു അച്ചായാ....." ഗ്ളാസുകള്‍ വീണ്ടും നിറഞ്ഞു..
മത്തായിച്ചന്‍റെ വാക്കുകളില്‍, ചിരിയില്‍, തമാശയില്‍ നാടന്‍ സ്നേഹത്തിന്‍റെ ഇലക്ട്രിക്കല്‍ എഫക്റ്റ്.
ഡെല്ലിന്‍റെ പുതിയ ലാപ്ടോപ് അച്ചായന്‍ തുറന്നു...
ബ്ളോഗുകളിലേക്ക്, ഗൂഗിളിലേക്ക്, ജി.മെയിലിലേക്ക്....
ബിയറിന്‍റെ നനുത്ത ലഹരിയില്‍... ബൂലോകപ്പറമ്പിലൂടെ ഞങ്ങള്‍ രണ്ടാളും..
ഓര്‍ക്കൂട്ടിലെ കൂടഴികളില്‍ ഒളിഞ്ഞു നോക്കിയും, ഓര്‍ക്കാപ്പുറത്തെ സ്ക്രാപ്പുകളില്‍ പ്രാണന്‍ നനച്ചും.
"അച്ചായോ... അച്ചായന്‍റെ ഈ സ്നേഹത്തില്‍ അരക്കിലോ എനിക്ക് തൂക്കിത്താ ....." എപ്പൊഴോ ഞാന്‍...
"അയ്യോ അച്ചായാ... എന്‍റെ കൈയില്‍ പണ്ട് അച്ചായന്‍ തന്ന അരക്കിലോ മാത്രമേ ഉള്ളൂ അച്ചായാ...." ചിരിച്ചുകൊണ്ട് മാത്യൂസ്...
"ചേട്ടാ................................................. "പെട്ടെന്ന് ജി.ടാക്കില്‍ നിന്നൊരു പോപ്പപ്പ്... ഞാനൊന്ന് ഞെട്ടി...
"ഇതാരാ അച്ചായാ... പാഞ്ചാലി വസ്ത്രാക്ഷേപ സമയത്ത് വിളിക്കുമ്പോലെ നീട്ടി വിളിക്കുന്നെ" ഞാന്‍
ഒരു പെണ്‍കിടാവ് മാത്യൂസിനു ഹായ് കൊടുത്തതാണു...
"പെങ്ങള്‍ക്ക് പാതിരാത്രീലും ഉറക്കമില്ലേ.... " മോണിറ്ററിന്‍റെ വലത്തെ മൂലയ്ക്ക് നോക്കി ഞാന്‍
"അച്ചായാ.. അതെന്‍റെ ഒരു കൂട്ടുകാരി...." മാത്യൂസ്.
"അതു ശരി.... കെട്ട്യോളേം, കുട്ട്യോളേം നാട്ടില്‍ പറഞ്ഞു വിട്ടിട്ട് കൂടുവെപ്പാ പരിപാടി...കൊച്ചുകള്ളാ..... "
"അയ്യേ...അച്ചായന്‍ ഉദ്ദേശിക്കുന്ന രീതിയല്ല ... ഡീസണ്ട് ഫ്രണ്ട്...... "
"എന്നാ ഈ ഡീസണ്റ്റ് പെങ്ങള്‍ക്ക് ഞാന്‍ റിപ്ളേ കൊടുക്കാം" കീബോറ്‍ഡ് ഞാന്‍ പൊത്തിപ്പിടിച്ചു.
"അയ്യോ...അച്ചായാ ..വേണ്ടാതീനം എഴുതല്ലേ...... "
'പൂക്കുന്നതെന്താണു കൂട്ടുകാരി..
ഓര്‍ക്കാപ്പുറത്തൊരു ചെമ്പരത്തി... '
ഞാന്‍ ടൈപ്പ് ചെയ്തു..
"എന്താ അച്ചായാ എഴുതിയത്... ഛേ... "
"വേണ്ടാതീനം ഒന്നുമല്ല അച്ചായാ... കുരീപ്പുഴയുടെ രണ്ടുവരി....പെങ്ങള്‍ എന്ത് മറുപടി പറയും എന്നൊന്ന് കാണട്ടെ... "
ഉടനെ കൂട്ടുകാരിയുടെ റിപ്ളേ. "ചേട്ടാ... ചെമ്പരത്തിയോ?. വട്ടുപിടിച്ചെന്നാ തോന്നുന്നെ.. ചെമ്പരത്തിപ്പൂ ചെവിയില്‍ തിരികിക്കോ....ഞാന്‍ പോണു... ഗിര്‍ര്‍ര്‍"
മത്തായിച്ചായന്‍റെ മുഖം ചീറ്റിയ തറച്ചക്രം പോലെ... ടോടല്‍ ഡള്‍...
"ഹ ഹ ... കൂട്ടുകാരി ധിഷണാശാലിനി തന്നെ അച്ചായോ... എന്തൊരു റിപ്ളെ..ബൈ ദ ബൈ..എന്താണാ കുട്ടിയുടെ പേരു..ശ്ശേ.... അതു നോക്കാന്‍ വിട്ടു..... "
വെബ് കാം സാക്ഷിയായി അച്ചായന്‍റെ മുഷ്ടി എന്‍റെ മൂക്കിലേക്ക്... അതും ഫില്‍ഡ് വിത് സ്നേഹം... ഒട്ടും നൊന്തില്ല...
മഷിത്തണ്ടെന്ന പുതിയ കുട്ടിബ്ളോഗിലേക്ക് ...
"ഒന്നിച്ചൊരു കുട്ടിക്കവിത പൂശാം അച്ചായ...ഇന്നാ പിടിച്ചോ നാലുവരി.... "
അടുത്ത നാലുവരി മത്തായി വക... സംഗതി ക്ളീന്‍...
വെളുപ്പിനെ അഞ്ചുമണിക്ക് ഉറങ്ങാന്‍ കിടന്നു..
ഒരു ദിവസം കൂടി അച്ചായന്‍ കേ അങ്കണ്‍ മേം.
കുസൃതികളുടെ, കൊച്ചു കൊച്ചാഘോഷങ്ങളുടെ, ഛോട്ടാ ദീവാളി..
ഇറങ്ങാനൊരുങ്ങി.. ദില്‍ മാംഗേ മോറ്‍.....
"നാളെ നേരേ ഓഫീസിലേക്ക് പോകാം അച്ചായാ.. ഇന്നൂടെ കൂടാമെന്നേ...." കറയില്ലാത്ത സ്നേഹത്തിന്‍റെ തിരുശേഷിപ്പുമായി വീണ്ടും മത്തായിച്ചന്‍.
"അയ്യോ അച്ചായാ.. ഇന്ന് കേരള ഹൌസില്‍ വി.എസ് അച്ചുമാമ വരുന്നു. മലയാളം അധ്യാപകരെ അനുമോദിക്കാന്‍.. ഒത്താല്‍ ഒരു വിപ്ളവ ഷേക് ഹാന്‍ഡിനു ചാന്‍സുണ്ട്...അത് കളയാന്‍ വയ്യല്ലോ... "
കണാട്ട് പ്ളേസിലേക്കുള്ള വണ്ടിയെ ചേയ്സ് ചെയ്തുകൊണ്ട് എന്നെയും വഹിച്ച് അച്ചായന്‍റെ ഹീറോഹോണ്ടാ....
ഇളം തണുപ്പിലൂടെ... സ്നേഹത്തിന്‍റെ മൃദു പവനനിലൂടെ....മുന്നോട്ട്.....
32 comments:
അയ്യപ്പാ..... തെറ്റിദ്ധരിച്ചു....അങ്ങു ഷമി...അതുപോട്ടെ.. ദീവാലിയായിട്ട് നാളെ എന്താ പരിപാടി... 'ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവില്‍ മിണ്ടാതെ നേരെ മമ ബാത്‌റൂമിലേക്കു ശിവ..' ഒക്കെ പാടി ഫിറ്റാവേണ്ടേ അച്ചായാ... എന്‍റയര്‍ വേള്‍ഡ് ഈസ് സെലിബ്രേറ്റിംഗ്.. എന്തിനു നമുക്ക് വേണ്ടാന്നു വെക്കണം..... "
ഹഹഹ, ഇത് അടിപൊളിയായല്ലോ അച്ചായാ. പിന്നെ എന്നെ അച്ചായന്‍ തിരിച്ചിടിക്കുന്ന ഫോട്ടോ മുക്കിയത് മോശമായിപ്പോയി.
പലയിടത്തും വായിച്ചപ്പോള്‍ ചിരി അല്പം ഉച്ചത്തിലായോ എന്ന് തോന്നി. ;) തകര്‍ത്തു എന്തായാലും.......
അങ്ങനെ ഡെല്ലി ബ്ലോഗ് മീറ്റ് ഒന്നു കൂടി വെളിച്ചം കണ്ടിരിക്കുന്നു. ഇതു മാത്യു എഴുതുവായിരുന്നെങ്കില്‍ എങ്ങനെയിരുന്നേനെ ഒന്നു ചിന്തിച്ചുപോയി. അപ്പോഴാണ് കൂടുതല്‍ ചിരിവന്നത്.
“മനു വന്നു. രണ്ടുപേരും ഭക്ഷണം കഴിച്ചു. വീട്ടിലെത്തി ബീറടിച്ചു. തമാശ പറഞ്ഞു. ബ്ലൊഗ് നോക്കി. ഉറങ്ങി. അവന്‍ പോയി :( “
-സുല്‍
മനുവേ... അച്ചായോ... കൊള്ളാം.
മനുവിന്റെ കലക്കന്‍ വിവരണത്തില്‍ വായനക്കാരനും നിങ്ങളുടെ കൂടെ ഉണ്ടായിരുന്നു എന്നു തോന്നിപ്പോകും തീര്‍ച്ച!!
കടമ്പനിട്ട എഴുതിയതുപോലെ “എല്ലാം അതിയാന്റെ തോന്ന്യാസമായിരുന്നു” എന്നതുപോലെ.. നടക്കട്ടെ!..
ഇതൊക്കെ കാണുമ്പോള്‍ “പിണക്കിയകറ്റും ഞാന്‍..” നിങ്ങളിലൊരാളെ ദില്ലിയകലെയും രാജ്യമകലെയും” എന്നു പറയാന്‍ തോന്നുന്നു.
കാരണം സഹിക്കുന്നില്ല, അത്രതന്നെ..
അസൂഷ.അതാ..
വിവരണം തകര്‍ത്തു..ട്ടൊ.
രസമുള്ള കുറിപ്പ് തന്നെ :)
മനുവേട്ടാ... മഴത്തുള്ളി മാഷേ...
അടിപൊളി!
സ്നേഹത്തിന്റെയും സൌഹൃദത്തിന്റെയും ആ കൂടിക്കാഴ്ചയ്ക്ക് വായനക്കാരും സാക്ഷികളാകുന്ന പോലെ തന്നെ എഴുതിയിരിക്കുന്നു.
ഇനി ഇതില്‍ വിട്ടു പോയതെല്ലാം മഴത്തുള്ളി മാഷും കൂടി ഫില്ലു ചെയ്തിരുന്നെങ്കില്‍...
:)
ദീപാവലിയുടെ ദിനമായി
മനുവും മാത്തുവും ഒന്നായി
ബൂലോകത്തൊരു ബ്ലോഗായി
സ്ക്രാപ്പുകളൊത്തിരി തരമായി
പൊന്മാങ്കുഞുകളകത്തായി
ഉണ്ടക്കണ്ണുകള്‍ ബള്‍ബായി
മനുവും മാത്തുവും പടമായി
മത്താപൂത്തിരി,കഴിയാറായ്!!!
ഹായ് കലക്കി...
മനുവേട്ടോ... നിങ്ങളുടെ ദീവാലി ആഘോഷങ്ങളിലേക്ക് ഞങ്ങളേക്കൂടി കൂട്ടിയതിന് നന്ദി... ഇപ്പൊഴാണ് ദീവാലി ആഘോഷിച്ചത്...
ഇവിടെ എന്ത് ദീ... എന്ത് വാ... എന്ത് ലീ...!
:)
മനൂ,നീയെന്താ അമൃതാണോ കഴിക്കുന്നതു?15 വര്‍ഷങ്ങള്‍ക്കു മുന്‍പ് കണ്ടതുപോലെ തന്നെ ഇപ്പോഴും.വിവരണം നന്നായിരിക്കുന്നു.
അതല്ലേ ലേഖേ ഈ ജീവിതത്തിന്‍റെ ഒരു ഫിസിയോ കെമിസ്ട്രി... ആരോടും പറയില്ലെങ്കില്‍ ബിസിനസ് സീക്രട്ട് പറയാം..
അടുത്ത നിമിഷം കാഞ്ഞുപോകും എന്നു കരുതി ജീവിക്കുക.. പ്രാര്‍ത്ഥിക്കുമ്പോള്‍ കര്‍ത്താവേ ലോകത്തിലെ എല്ലാവരെയും സുഖപ്പെടുത്തി ബാക്കി സമയം ഉണ്ടെങ്കില്‍ മാത്രം എന്നെ കടാക്ഷിക്കുക.പിന്നെ അസൂയയോട് പോയി പണിനോക്കാന്‍ പറയുക.
അല്ല ...ഇതൊന്നും തൊണ്ണൂറിലെ കഥാകാരിയായ നിന്നോട് പറഞ്ഞുതരേണ്ട കാര്യമില്ലെന്നറിയാം... എന്നാലും
ദീപാവലി പോസ്റ്റ് കലക്കി....
മഴ മഷും മനുവേട്ടനും കൂടി തകര്ത്തലോ
ഈ പോസ്റ്റ് ഒരിക്കലും മറ്ക്കൂല്ല....
മധുരമുള്ള ഒരു ദീവാലി ഓര്‍മ്മ
:)
ചാത്തനേറ്: അപ്പോ ഇങ്ങളു വേറേ ഗ്രൂപ്പാ അല്ലേ ബൂലോഗത്തിലു നിറഞ്ഞു കവിഞ്ഞ് നില്‍ക്കുന്ന കുടിയ്ന്മാരുടെ പൊന്മാന്‍ ഗ്രൂപ്പ്.
കൊള്ളാം .2 പേരും..എന്നാലും അച്ചായനിട്ടു ഇത്രേം വലിയ പാര വേണ്ടാരുന്നു...ഇനിയേതേലും പെണ്‍പിള്ളേര്‍ ധൈര്യത്തോടെ ചാറ്റിലൊ,സ്ക്രാപ്പിലോ വരുമോ?സെന്‍സറിങ് പേടിച്ചിട്ട്....കപ്പേം,മീനും,പൊറോട്ടേം,പോത്തും വാങ്ങിത്തന്നതിന് ഇതു തന്നെ ചെയ്യണം..
മനൂ... ആ സൌഹൃദത്തിന്റെ മണിക്കുറുകള്‍ വരച്ചത് മനോഹരം.
ഹൈ മഴത്തുള്ളീ, മനൂ,
നിങ്ങളുടെ ദീപാവലി ആഘോഷം ഇഷ്ടപ്പെട്ടു...അതു മറ്റുള്ളവരുമായി പങ്കുവെച ആ ശൈലിയും രചനയും അതിലേറെ നന്നായിരിക്കുന്നു...നിസ്സാര കാര്യങ്ങള്‍ പോലും നല്ല തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു.
ഇനി ക്രിസ്തുമസ്സ് ആഘോഷത്തിനായി കാത്തിരിക്കുന്നു. മാത്യു ചേട്ടനെ ഒന്നു സൂക്ഷിക്കുന്നത് നല്ലതാണ് :)
ഞാനൊന്നും പറയുന്നില്ലേ.....
:)
മനൂ,
വളരെ സന്തോഷം തോന്നി വായിച്ചപ്പോള്‍.
:)
എന്താ പൂശല്? കൂട്ടുകാരന്റെ വീട്ടില്‍ പോയി രണ്ടെണ്ണം അടിച്ചത് വരെ പോസ്റ്റ്. അതോ, വായിച്ചു ഒരു സെക്കന്റ് പോലും ബോര്‍ അടിക്കാത്ത പോസ്റ്റ്. ഇതാണ് മനു എഴുത്ത്. പോസ്ടിനെകള്‍ മനോഹരമായ ഒരു കമന്റ് കണ്ടു. ലേഖയ്ക്കുള്ള മറുപടി. നമോവാകം അണ്ണാ.
ശരിക്കും നിങ്ങളോടൊപ്പം ഉള്ളത് പോലെ തോന്നീ..നല്ല കുറിപ്പ്
അപ്പോ ദിവാലി ആഗോഷിച്ച്!
ഈ മാത്തച്ചായനെ എവിടെയോ കണ്ടിട്ടുണ്ടല്ലോ !
നിങ്ങള്‍ രണ്ടു പേരുടേയും അങ്ങോട്ടുമിങ്ങോട്ടുമുള്ള അച്ചായന്‍ വിളി കാരണം വായനയുടെ സ്പീഡ് കൂടി പോയതു കൊണ്ടുമാവാം കണ്‍ഫ്യൂഷനായി.
പിന്നെ രണ്ടാമത് സ്പീഡ് കുറച്ചു വായിച്ചപ്പോ സംഗതി ഓക്കെ.
രണ്ടും കൂടി അടിച്ചു പൊളിച്ചൂന്നു പറഞ്ഞാ മതിയല്ലോ.
:)
“ദീവാലിക്കവിതa“ ആണോന്ന് വിചാരിച്ചു വന്നതായിരുന്നു..
കുറിപ്പ് ഇഷ്ടപ്പെട്ടു..
:)
മനൂ... പൊന്മാന്‍കുഞ്ഞുങ്ങളെ ഓള്‍ഡ്‌മങ്കി വിഴുങ്ങിയിരുന്നോ? സംശയം...
...ആഘോക്ഷത്തിനിടയില്‍ ജി ടാക്കില്‍ വന്ന് എന്നോടും ചിലതു പറഞ്ഞിരുന്നു....
ആ കുരീപ്പുഴയുടെ വരിയൊക്കെ ആളുമാറി എനിക്കാണട്ടോ അയച്ചിരുന്നത്...
നിന്റെ ആ ചെമ്പരത്തിപ്പൂ നിന്റെ ചെവിയെലോട്ടുവെയ്ക്കാന്‍ ഞാനാ ഉപദേശിച്ചത്....
ഹ ഹ ഹ....
പാവം മാത്തുച്ചായന്‍....
പോസ്റ്റ് ഇഷ്ടായിട്ടോ... അടുത്ത ദീപാവലിക്ക് ഞാനും വന്നോട്ടേ
ബെന്നിമാഷേ,
ആരെങ്കിലും ഇതു പറയുമെന്നെനിക്കറിയാമായിരുന്നു. അതാ ഇതുവരെ മിണ്ടാതിരുന്നത്. എന്റെ ജി-ടോക്കിനൊപ്പം മനുവച്ചായന്റെ ചാറ്റും മെയിലില്‍ തുറന്നാ ഇരുന്നത്. മാത്രമോ നിറയെ കളറുകളും ;) ഇപ്പോഴാ മനസ്സിലായത് കുരീപ്പുഴയുടെ വരി എങ്ങോട്ടാ അയച്ചതെന്ന്. അതിനിടക്ക് ഒരു ചെമ്പരത്തിപ്പൂ തരുമോ എന്നെന്നോട് ചോദിക്കുന്നതും കേട്ടു, മാത്രമല്ല അതിനുശേഷം ഞങ്ങള്‍ ടെറസ്സില്‍ കയറിയപ്പോള്‍ ദാ നില്‍ക്കുന്നത് സൂര്യനോ ചന്ദ്രനോ എന്നൊരു ചോദ്യം. പിന്നെ അധികം വൈകാതെ പിടിച്ച് താഴെ കൊണ്ടുവന്നു കിടത്തി. ;)
പിന്നെ ഉര എന്ന വാക്കും അച്ചായനില്‍ നിന്നും പഠിച്ചു. ;)
സുല്ലേ, ഉം മനസ്സിലായി, അക്രമം, നിറങ്ങള്‍, പുട്ടടി ഒക്കെ തകര്‍പ്പനല്ലേ :)
ശ്രീ, വിട്ടുപോയതൊത്തിരി ഫില്ലു ചെയ്യാനൊണ്ട്. അതൊരു പോസ്റ്റാക്കിയാല്‍ പിന്നെ മനുവച്ചായനെത്തപ്പി കുടുംബം ഉലക്കയുമായി വരും. പിന്നെ രണ്ടുപേരും കൂടി ഉലക്കയും ഗദയുമായുള്ള പ്രയോഗം കാണാന്‍ എനിക്ക് വയ്യേ :)
ആഗ്നേയ, ഹെയ് നമ്മളൊക്കെ ഡീസന്റും ഡിസ്പെന്‍സറിയുമൊക്കെ ഉള്ളവരല്ലേ, ഇത്തരം പരിപാടിക്കില്ല ;)
അജേഷ്, ഉം ഞാന്‍ ഇടക്കിടെ പെന്‍സില്‍വാനിയാക്ക് വരാറുണ്ട്. അവിടെ വച്ചാകും നമ്മള്‍ കണ്ടിട്ടുള്ളത് !
മനുവച്ചായോ, ഇത്രയും എഴുതിയതിന് എന്നെ തല്ലല്ലേ, ക്രിസ്തുമസ്സിന് എന്തായാലും പൊന്മാന്‍ കുഞ്ഞുങ്ങളുമായി ഞാന്‍ ഇവിടുണ്ടാകും. അപ്പോള്‍ ഞാന്‍ തന്നതുപോലെ എനിക്കുമൊന്ന് തന്നേരെ, വെബ്കാം സാക്ഷിയായി ;)
രണ്ടാളും ദീപാവലി മത്ത് ആയി വിത്ത് ഈചതര്‍ അല്ലേ;)
വിവരണം നന്നായിരിക്കുന്നു, ഇടിപടംസ് 5,6 എണ്ണം കൂടിയിടായിരുന്നു;)
ഓ.ടോ
ആരാ പെന്‍സില്‍വാനിയാക്ക് പെന്‍സില്‍ വാങ്ങാല്‍ വരാറുള്ളത്;)
:-)
ഹൊ. ഇത് രസകരമായിരിക്കുന്നു. ദീപാവലിക്ക് മാത്യൂസുമായി കുപ്പി പൊട്ടിച്ച് കളിക്കുകയായിരുന്നെന്ന് പറഞ്ഞപ്പോള്‍ ഇത്രയും കരുതീല്ലാ. മനുവും തുള്ളിയും കൂടിയപ്പോള്‍ ആകെ വെള്ളമയം.
ആ “പൂച്ചെടി” കലക്കി. അപ്പോള്‍ നോക്കടീ എന്നുള്ളത് “തേക്കടീ” എന്നാവുമോ (ദേഖ്+എടി).
രസകരമായിട്ടുണ്ട്.
ഹ..ഹ...
മനു ഭായ്,
കൊള്ളാം നന്നായി രസിച്ച് വായിച്ചു..
ഫോട്ടോഷോപ്പ് തന്ത്രങള്‍ ഉപയോഗിച്ച് ഫോട്ടോയില്‍ മനു നടത്തിയ തിരിമറികള്‍ മനസ്സിലാക്കിയ കോടതി ശ്രീ മാത്യുവിനെ കുറ്റവിമുക്തനാക്കുകയും നിരുപാധികം വിട്ടയയ്ക്കുവാനും ഉത്തരവിടുന്നു...
അതേ സമയം, മനുവിനെ 101 പൊന്മാന്‍ കുഞ്ഞുങ്ങള്‍ നഷ്ടപരിഹാരമായി നല്‍കുവാനും 2 മാസം കഠിനതടവിനും ശിക്ഷ വിധിച്ചിരിക്കുന്നു...
ഇടിപ്പടം ഇവിടെ കാണാം :(
കുറച്ച് നേരം ഞാനും ഉണ്ടായിരുന്നവിടെ..
Post a Comment