Monday, 13 August 2007

അറിയുവാനാവാതെ...

തിരക്കായിരുന്നു നിനക്കേറെയെപ്പൊഴും
തിരക്കി ഞാനന്തിക്കണയുന്ന നേരത്തും
പുകക്കണ്ണെരിച്ചു നിനക്കായി കുമ്പിളില്‍
കുടമല്ലികത്താരെടുത്തു വന്നപ്പൊഴും
'തിരക്കില്‍ തളച്ചും തിരയടിച്ചാറ്റിയും
തീര്‍ക്കട്ടെയെന്നെ നീയൊറ്റയ്ക്കു മാറ്റുക'

'അറിയുവാനാവില്ലയെന്നെ നിനക്കെന്നു'
പറയുകയാണു നീര്‍ വീങ്ങിയ കണ്‍തടം
പൊടിതൂത്തുഷസിലും കറിയുണങ്ങിക്കലം
ഒരുകൈയുരച്ചഴല്‍ മോറുമൊരുച്ചയ്ക്കും
കനവുകള്‍ ക്ളാവേന്തി നില്‍ക്കും നിലവിള-
ക്കൊരുപിടിച്ചാരം പുരട്ടി തിളക്കി നീ
പരിദേവനത്തിന്‍റെ തീപ്പെട്ടിക്കൊലുര-
ച്ചെഴുതിരികള്‍ നീട്ടുന്ന സായന്തനത്തിലും
അറിയാത്ത ഭാഷ നിന്നടര്‍മിഴിത്തുമ്പിലായ്‌
വിരിയുന്ന കണ്ടകം ചിക്കിയിരിപ്പു ഞാന്‍

'പറയുക ഞാനെന്തു വേണമീ നെഞ്ചിലായ്‌
പകലിന്‍ പടര്‍പ്പു വിടര്‍ത്തിയെടുക്കുവാന്‍'

വഴിക്കണ്ണു മറ്റാര്‍ക്കുമേകാതെ വരികിലും
വഴിയോരവാക്കുകളെല്ലാം പകര്‍ന്നിലും
നെടുവീര്‍പ്പിലുടയുന്ന തീഗോളമിന്നു നീ
ഇടനെഞ്ചിലേക്കിട്ടു ചൊല്ലുന്നു പിന്നെയും
'അറിയുവാനാവില്ലയെന്നെ നിനക്കൊട്ടും'
അറിവിന്നുമപ്പുറത്താണെണ്റ്റെ താമസം'

12 comments:

G.manu said...

തിരക്കായിരുന്നു നിനക്കേറെയെപ്പൊഴും
തിരക്കി ഞാനന്തിക്കണയുന്ന നേരത്തും
പുകക്കണ്ണെരിച്ചു നിനക്കായി കുമ്പിളില്‍
കുടമല്ലികത്താരെടുത്തു വന്നപ്പൊഴും

സാല്‍ജോҐsaljo said...

manu jis another classic. good manuji...

Haree | ഹരീ said...

പൊടിതൂത്തുഷസിലും കറിയുണങ്ങിക്കലം
ഒരുകൈയുരച്ചഴല്‍ മോറുമൊരുച്ചയ്ക്കും
- ഹമ്മേ വായിച്ചെടുക്കാന്‍ കുറച്ചു ബുദ്ധിമുട്ടി. :)
അതെയതെ, അറിവിന്നുമപ്പുറത്താണെന്റെയും താമസം. :)
--

സു | Su said...

:)

P.R said...

valare ishtamaayi..

സതീശ് മാക്കോത്ത് | sathees makkoth said...

'അറിയുവാനാവില്ലയെന്നെ നിനക്കൊട്ടും'
അറിവിന്നുമപ്പുറത്താണെണ്റ്റെ താമസം'

നന്നായിട്ടുണ്ട് മനു.

ശ്രീ said...

‘അറിയുവാനാവില്ലയെന്നെ നിനക്കൊട്ടും'
അറിവിന്നുമപ്പുറത്താണെണ്റ്റെ താമസം'

ഇഷ്ടപ്പെട്ടൂ മനുവേട്ടാ!

എന്റെ കിറുക്കുകള്‍ ..! said...

‘അറിവിന്നുമപ്പുറത്താണെന്റെ താമസം...’

എടുത്തുപറഞ്ഞെഴുതാന്‍ ഒരുപാട് വരികള്‍..
മനസ്സിലേക്കെത്തുന്ന കവിത.

എന്റെ ഉപാസന said...

ശരിക്കും മനസ്സിനെ ടച്ച് ചെയ്തൂ...
എന്റെ ജീവിതവും ഇതിലുണ്ടോ എന്നൊരു സംശയം.
പലരും, പലപ്പോഴും എന്നെ മനസ്സിലാക്കാറില്ല. മനസ്സിലാക്കിയവര്‍ എന്ന് ഞാന്‍ കരുതിയ വ്യക്തികല്‍ എന്നെക്കുറിച്ച് പറയുന്നത് കേള്‍ക്കുമ്പോ ഞാന്‍ ഞെട്ടുന്നു... നന്ദി മനുഭായ്
:)
പൊട്ടന്‍

ധ്വനി said...

നല്ല വരികള്‍! വിഷയം! വളരെ നല്ല കവിത!

Raji Chandrasekhar said...

സമയത്തെയും കാമിനിയേയും ബന്ധിപ്പിക്കുന്ന വിരുതില്‍ പുതുമയുണ്ടല്ലൊ.
ഇ മെയില്‍ ഐഡി തരാമൊ

അപ്പൂസ് said...

മനുവേട്ടാ...
ഇഷ്ടമായിത്. ഒന്നു പാടിയാവാം അതു പറയുന്നതെന്നു കരുതിയാണ് വൈകിയത്. പക്ഷേ, ഉടനെ പറ്റുമെന്നു തോന്നുന്നില്ല :)