Tuesday, 8 May 2007

മുറ്റത്തു ബോംബു മുളച്ചുപൊന്തുന്നതും മറ്റൊരു പെണ്ണിന്‍ മടിക്കുത്തഴിഞ്ഞതും

മുറ്റത്തു ബോംബു മുളച്ചുപൊന്തുന്നതും
മറ്റൊരു പെണ്ണിന്‍ മടിക്കുത്തഴിഞ്ഞതും
മാത്രമേ കാണൂ നിന്‍ ചുണ്ടിലെന്നോര്‍ത്തിപ്പോള്‍
നാട്ടുവിശേഷം തിരക്കുകയില്ല ഞാന്‍

വാരിക്കുഴിയില്‍ തളര്‍ന്നു പിടഞ്ഞതും
വാടിക്കറുത്തുമെലിഞ്ഞുപൊഴിഞ്ഞതും
മാത്രമേകാണു നിന്‍ ചുണ്ടിലെന്നോര്‍ത്തിപ്പോള്‍
ആറ്റു വിശേഷം തിരക്കുകയില്ല ഞാന്‍

ചുറ്റുമതിലിനകത്തു ചുരുണ്ടതും
മറ്റൊരാള്‍ക്കായ്‌ പടിവാതിലടഞ്ഞതും
മാത്രമേ കാണൂ നിന്‍ ചുണ്ടിലെന്നോര്‍ത്തിപ്പോള്‍
വീട്ടുവിശേഷം തിരക്കുകയില്ല ഞാന്‍

കണ്ണില്‍ കനല്‍പൊടികൊണ്ടുവരുന്നതും
കോരി നിണമണം വാരി വരുന്നതും
മാത്രമേ കാണൂ നിന്‍ ചുണ്ടിലെന്നോര്‍ത്തിപ്പോള്‍
കാറ്റു വിശേഷം തിരക്കുകയില്ല ഞാന്‍

പാടെ വരണ്ടു തകര്‍ന്നു കിടന്നതും
പാഴായ നാഥന്‍ തുലഞ്ഞു മറഞ്ഞതും
മാത്രമേ കാണൂ നിന്‍ ചുണ്ടിലെന്നോര്‍ത്തിപ്പോള്‍
പാടവിശേഷം തിരക്കുകയില്ല ഞാന്‍

5 comments:

G.manu said...

മുറ്റത്തു ബോംബു മുളച്ചുപൊന്തുന്നതും
മറ്റൊരു പെണ്ണിന്‍ മടിക്കുത്തഴിഞ്ഞതും
മാത്രമേ കാണൂ നിന്‍ ചുണ്ടിലെന്നോര്‍ത്തിപ്പോള്‍
നാട്ടുവിശേഷം തിരക്കുകയില്ല ഞാന്‍

കെവിന്‍ said...

അതെ, പറയാനും കേള്‍ക്കാനും ഒരു വിശേഷം മാത്രം. ഒന്നും ചോദിയ്ക്കാതിരിക്കുന്നതാ സമാധാനം.

Sona said...

വിശേഷം തിരക്കാതിരിക്കുന്നതാ നല്ലത് അല്ലെ!ന്നാലും ഒരു ഹൌ ആര്‍ യൂ ചോദിക്കാമായിരുന്നു!!

പൊതുവാള് said...

മനു,
നന്നായിട്ടുണ്ട്.

വിശേഷം തിരക്കിയില്ലെങ്കിലും, എല്ലാം കൂടി തിക്കിത്തിരക്കി നുഴഞ്ഞു കയറുകയല്ലേ നമ്മുടെ ബോധാബോധമണ്ഡലങ്ങളിലെ ഓരോ കോണുകളിലേക്കും.

വാരിക്കുഴിയില്‍ തളര്‍ന്നു പിടഞ്ഞതും
വാടിക്കറുത്തുമെലിഞ്ഞുപൊഴിഞ്ഞതും
മാത്രമേകാണു നിന്‍ ചുണ്ടിലെന്നോര്‍ത്തിപ്പോള്‍
ആറ്റു വിശേഷം തിരക്കുകയില്ല ഞാന്‍

ഇതില്‍ ആറ്റു വിശേഷമാണോ അല്ല കാട്ടു വിശേഷത്തെ അക്ഷരപ്പിശാച് പിടിച്ചങ്ങനെയാക്കിയതാണോ എന്നൊരു സംശയം?:)

ധ്വനി said...

വിശേഷം തിരക്കുകയില്ല ഞാന്‍ .....

അതെ, മിണ്ടാനാവാത്ത, കേള്‍ക്കാനാവാത്ത വിശേഷങ്ങള്‍!!