Monday, 30 April 2007

വണ്ടിപാലക്കാട്ടു നില്‍ക്കുന്നു നീ നിന്നെ വീണ്ടുമറിയുന്നിറങ്ങുന്നു

വണ്ടി പാലക്കാട്ടടുക്കുന്നു നിന്‍ നീല
വണ്ടിമ തെല്ലു തിളങ്ങുന്നു
കൊച്ചുതണുപ്പിന്‍ പുതപ്പുമായ്‌ നിന്നടു-
ത്തെത്തിക്കുണുങ്ങും പുലര്‍വെട്ടം
ഒട്ടുതിരിച്ചറിഞ്ഞല്ലെങ്കിലെങ്ങനീ
നെറ്റിയില്‍ തൊട്ടു മഴത്തുള്ളി
കുമ്പിളില്‍ മുല്ലപ്പൂ ഗന്ധവുമായി മുന്നില്‍
കുമ്പിട്ടു നില്‍പ്പൂ കുളിര്‍ക്കാറ്റ്‌
മാടിയൊതുക്കിയ പാറും മുടിയറ്റ-
ത്തോടിനടപ്പൂയിളം വെയിലും
എന്നെമറന്നുവോയെന്നോതിയെത്തുന്നു
കുന്നിന്‍ മുകളിലെ പൂമാനം
ചോരിലെയക്ഷരക്കൂട്ടു നിന്‍ ബാല്യത്തെ
വാരിയെടുത്തു പുണരുന്നു
പൂവണിയിട്ട വരമ്പുകള്‍ കൌമാര
ദാവണിനാളു മടക്കുന്നു
ഒത്തിരി നാള്‍കള്‍ക്കുമിപ്പുറം നീ നിറ-
ചിത്തം ചിരിയാല്‍ തുറക്കുന്നു.
വാടിയെന്നോര്‍ത്തനിന്‍ പ്രാണണ്റ്റെ വാടിയില്‍
ആടിക്കുളിര്‍ വന്നുലയുന്നു
വണ്ടിപാലക്കാട്ടു നില്‍ക്കുന്നു നീ നിന്നെ
വീണ്ടുമറിയുന്നിറങ്ങുന്നു

5 comments:

G.manu said...

വണ്ടി പാലക്കാട്ടടുക്കുന്നു നിന്‍ നീല
വണ്ടിമ തെല്ലു തിളങ്ങുന്നു
കൊച്ചുതണുപ്പിന്‍ പുതപ്പുമായ്‌ നിന്നടു-
ത്തെത്തിക്കുണുങ്ങും പുലര്‍വെട്ടം
ഒട്ടുതിരിച്ചറിഞ്ഞല്ലെങ്കിലെങ്ങനീ
നെറ്റിയില്‍ തൊട്ടു മഴത്തുള്ളി
കുമ്പിളില്‍ മുല്ലപ്പൂ ഗന്ധവുമായി മുന്നില്‍
കുമ്പിട്ടു നില്‍പ്പൂ കുളിര്‍ക്കാറ്റ്‌

ittimalu said...

പാലക്കാട് വണ്ടിനിര്‍‌ത്തിയിട്ട് ഞാന്‍ കണ്ടില്ലല്ലോ...?എന്തായാലും പാലക്കാട് ഇറങ്ങിയപ്പോള്‍ ഇത്രയെ കണ്ടുള്ളോ .. അതു മോശായി ..പാതിയില്‍ നിര്‍ത്തിയപോലെ

G.manu said...

ഇട്ടിമാളൂ..വേറെയും ഒരുപാടുണ്ടായിരുന്നു. പക്ഷേ, പഴമ്പൊരി വന്നു എല്ലാം മറച്ചു കളഞ്ഞു.. :)

സു | Su said...

“വണ്ടിപാലക്കാട്ടു നില്‍ക്കുന്നു നീ നിന്നെ
വീണ്ടുമറിയുന്നിറങ്ങുന്നു.”

ഈ വരികളിലുണ്ടല്ലോ എല്ലാം.

വിഷ്ണു പ്രസാദ് said...

മനൂ,മനോഹരം...