Friday, 27 April 2007

എത്ര നേരംവേണമൊന്നുരുങ്ങാന്‍ നിനക്കിച്ചെറുയാത്രയ്ക്കിറങ്ങുവാനും

എത്ര നേരംവേണമൊന്നുരുങ്ങാന്‍ നിന-
ക്കിച്ചെറുയാത്രയ്ക്കിറങ്ങുവാനും
വാലിട്ടു കണ്ണൊന്നെഴുതിയും മായിച്ചും
ചേലൊത്ത പൊട്ടു തിരഞ്ഞെടുത്തും
ഒട്ടുമിണങ്ങില്ലെനിക്കീ നിറമെന്നു
പത്തുരു ചേലയഴിച്ചുടുത്തും
ചെറ്റു തിരിഞ്ഞും ചെരിഞ്ഞും പ്രതിബിംബ-
മൊത്തുചിരിച്ചു മിഴിയടച്ചും
പത്രക്കടലാസില്‍ മിന്നുന്ന പെണ്‍കൊടി-
ക്കൊത്തതരത്തില്‍ വളയണിഞ്ഞും
ഇഷ്ടംതിരയാതെ പൊട്ടിവീഴും മുടി-
ക്കെട്ടിഴ കൈയാലെടുത്തെറിഞ്ഞും
ഒത്തുവോ ഒക്കെയുമെന്നു തിരക്കിയെന്‍
ചിത്തത്തിന്നൊപ്‌പു തിരഞ്ഞു നിന്നും ...

വേഗംതിരിച്ചെത്തി വീണ്ടും അടുക്കള
ഭാഗത്തു നീ കുടികൊള്ളുമെന്നും
കണ്ണുനീരുപ്പിട്ട നൂറുകറികളില്‍
മുങ്ങിനിന്‍ നാവുതിളയ്ക്കുമെന്നും
അമ്മതന്നോര്‍മ്മകള്‍ കണ്ണിമാങ്ങസ്മൃതി
അമ്മിക്കല്ലൊന്നിലരയ്ക്കുമെന്നും
ചത്തോരിരുട്ടിണ്റ്റെ ചാരത്തിരുന്നു കൈ
കൊത്തംകല്ലാടിത്തളരുമെന്നും
സ്വപ്നങ്ങളില്ലാ സുഖനിദ്രമാത്രം നീ
സ്വപ്നമായ്‌ നെഞ്ചോടുചേര്‍ക്കുമെന്നും
ഒക്കെയറിഞ്ഞിട്ടുമെന്തിനോ നീ മുഖം
വെക്കം ഒരുവട്ടം കൂടി മിനുക്കുന്നു....

(സമര്‍പ്പണം ഭാരതത്തിലെ വീട്ടമ്മ‍ക്ക്‌ )

4 comments:

G.manu said...

എത്ര നേരംവേണമൊന്നുരുങ്ങാന്‍ നിന-
ക്കിച്ചെറുയാത്രയ്ക്കിറങ്ങുവാനും
വാലിട്ടു കണ്ണൊന്നെഴുതിയും മായിച്ചും
ചേലൊത്ത പൊട്ടു തിരഞ്ഞെടുത്തും
ഒട്ടുമിണങ്ങില്ലെനിക്കീ നിറമെന്നു
പത്തുരു ചേലയഴിച്ചുടുത്തും


ഒരുക്കം തീര്‍ന്നില്ലേ എന്നു ഞാനും, കെട്ടിയാടുമ്പോഴെങ്കിലും ഒന്നു തണുക്കട്ടെ എന്നു നീയും...

dinesanvarikkoli said...

കവിതകളിലൂടെകടന്നുപോയി ...വാക്കുകളെ ,അക്ഷരങ്ങളെ സ്നേഹിക്കുന്ന അല്‍പം
ചിലരും ഡെല്‍ഹിയില്‍ ഉണ്ടെന്നരിയുന്നതില്‍ വളരെസന്തോഷമുണ്ട്
സ്നേഹപൂര്‍വ്വം ദിനേശന്‍വരിക്കോളി.

Anonymous said...

ഇതൊക്കെ ഇന്നാണല്ലോ കാണുന്നെ :)

സനാതനന്‍ said...

സ്വപ്നങ്ങളില്ലാ സുഖനിദ്രമാത്രം നീ
സ്വപ്നമായ്‌ നെഞ്ചോടുചേര്‍ക്കുമെന്നും
ഒക്കെയറിഞ്ഞിട്ടുമെന്തിനോ നീ മുഖം
വെക്കം ഒരുവട്ടം കൂടി മിനുക്കുന്നു....

ഈ നാലുവരികള്‍മാത്രം കല്ലുകടിപ്പിക്കുന്നു മനൂ.അവസാനത്തെവരിയില്‍ വൃത്തവും താളവും സൌന്ദര്യവുമില്ല.കഴിയുമെങ്കില്‍ ആ വരികള്‍ ഒന്നുകൂടി നന്നാക്കൂ മനോഹരമായ കവിതയെ ഒന്നുകൂടി മിഴിവുള്ളതാക്കൂ.