പാതിവിരിഞ്ഞനിന്‍ കണ്‍കളില്‍ പൂവിടും
പൂനിലാവെന്നോടു ചോദിച്ചു
ചൊല്‍ക നീ നാട്ടുവിശേഷം.. നിന്റെ
പൊന്‍മല നാടിന്‍ വിശേഷം...
കത്തിയെരിയുമീ തീ നഗരത്തിന്റെ
കത്തിമുനമ്പില്‍ വിയര്‍ക്കവെ.. നീ എന്റെ
ഹൃത്തിലെ നാട്ടുവിശേഷത്തുരുത്തിന്റെ
മെത്തയില്‍ ചാഞ്ഞുറങ്ങുന്നൂ.. നൂറു
മുത്തമായ് ഞാന്‍ പുലമ്പുന്നൂ... എന്റെ
പൊന്‍മലനാടിന്‍ വിശേഷം...
ഓണനിലാവിന്റെ പൂവാടവാങ്ങുവാന്‍
നാണം കൊടുക്കുന്ന പൂക്കൈതയും കുഞ്ഞു
വീണയിലീണം പൊഴിച്ചു കുണുങ്ങുന്ന
പാണനാം പൂങ്കുയിലാളും
പൊട്ടിച്ചിരിക്കുന്ന തോട്ടുവരമ്പിലെ
തൊട്ടാവാടിക്കു കമ്മല്‍ കൊടുക്കുവാന്‍
പൊന്‍ വെയിലോടിയണയുന്നതും ഇളം
തെന്നല്‍ചിരിച്ചതും ചൊല്ലി...
മേടക്കിടാത്തിക്കു പൊന്‍പണ്ടമേകുവാന്‍
ഓടിയെത്തും കണിക്കൊന്നയോടിത്തിരി
പൊന്നെനിക്കും കൂടിയെന്നോതി യെന്‍ വിഷു
പൊന്‍പുലര്‍വേളകള്‍ കൊഞ്ചിച്ചിരിച്ചതും...
കാവിലെ കല്‍വിളക്കൊന്നിലെ നെയ്ത്തിരി
തൂവും നുറുങ്ങുവെളിച്ചമണയ്ക്കുവാന്‍
പിച്ചവച്ചെത്തുമിളംകാറ്റുതന്‍ കവിള്‍
പിച്ചകവല്ലിയാള്‍ പിച്ചിച്ചിരിച്ചതും
തെങ്ങോല ചാഞ്ഞൊരു തൊങ്ങലും തീര്‍ത്തെന്റെ
വിങ്ങലിന്നുഷ്ണം തുടച്ചുകളഞ്ഞതും
കായല്‍ത്തിരയ്ക്കൊപ്പമാടിയുലയുന്ന
പായ് വള്ളമായ് മനം തെന്നിനീങ്ങുന്നതും
പാടവരമ്പിലെ സന്ധ്യയിരുട്ടിന്റെ
പാവടമാറിച്ചമഞ്ഞു വരുന്നതും
അല്ലിമലരൊന്നിറുത്തു നിലാവൊരു
മല്ലികമാലയവള്‍ക്കു കൊടുത്തതും
വൃശ്ചികപ്പൊന്നുഷസെത്തി തണുപ്പിന്റെ
കൊച്ചുപുതപ്പെന്റെ മുറ്റത്തു നീര്‍ത്ത്‌തും
പത്തുമണിവെയില്‍ വന്നതെടുത്തുകൊ-
ണ്ടൊച്ചയുണ്ടാക്കാതെയോടിയൊളിച്ചതും
നിദ്ര നിന്നെ വിളിച്ചെന്നോര്‍ത്തു ഞാനൊട്ടു
നിര്‍ത്തിയെന്‍ നാട്ടു വിശേഷപ്പെരുമകള്‍..
മെല്ലത്തിരിഞ്ഞൊന്നു നോക്കവെ കണ്ടു നീര്‍-
ത്തുള്ളികള്‍ തുള്ളും മിഴിത്തീരവും ദാഹ-
മുള്ളിള്‍ തുളുമ്പുന്ന സ്വപ്നാക്ഷരങ്ങളും
"നിര്‍ത്താതെ ചൊല്ലുക തോഴാ.. വയല്‍പ്പച്ച
നീര്‍ത്തോരു നാട്ടുവിശേഷം.. ഈ ഉഷ്ണ
തീരത്തുരുകിത്തളര്‍ന്നു തകരവെ
നീരണിയട്ടെയെന്‍ ജന്‍മം... ഇറ്റു
നീരണിയട്ടെയെന്‍ ജന്‍മം.
Monday, 16 April 2007
Subscribe to:
Post Comments (Atom)
5 comments:
മേടക്കിടാത്തിക്കു പൊന്‍പണ്ടമേകുവാന്‍
ഓടിയെത്തും കണിക്കൊന്നയോടിത്തിരി
പൊന്നെനിക്കും കൂടിയെന്നോതി യെന്‍ വിഷു
പൊന്‍പുലര്‍വേളകള്‍ കൊഞ്ചിച്ചിരിച്ചതും...
മറുനാട്ടിലെ ചൂടില്‍ വിഷുവിനെ ഓര്‍ത്തുപോയി....എഴുതിപ്പോയി...
പാടവരമ്പിലെ സന്ധ്യയിരുട്ടിന്റെ
പാവടമാറിച്ചമഞ്ഞു വരുന്നതും
അല്ലിമലരൊന്നിറുത്തു നിലാവൊരു
മല്ലികമാലയവള്‍ക്കു കൊടുത്തതും
മനുജി. നല്ല വരികള്‍.
ഇഷ്ടായി.
ഓഫ്) പാവട അതോ പാവാടയൊ?
Sisu..പാവാട yaa? Sorry typing error
വയല്‍പ്പച്ചയിലെ നാട്ടുവിശേഷങ്ങള്‍, ഉഷ്ണത്തിലുറങ്ങിയുണരുന്ന വീടുകളിലിരുന്ന് ഓര്‍ക്കാന്‍ സുഖം.
adipoli
gafoor dubai
Post a Comment