Saturday, 3 March 2007

പിരിയാന്‍ വയ്യ മോളെ...പക്ഷെ...

കുളിര്‍കാറ്റിളക്കും നിന്‍ പൊന്‍ കുറുനിരത്തുമ്പില്‍
വിളയും കുസൃതിപ്പൂമൊട്ടു ഞാന്‍ തൊട്ടു നിന്നു
"വീണ്ടുമീയാത്രാമൊഴി മുത്തുകള്‍ പെറുക്കുവാന്‍
വയ്യെനിക്കച്ഛാ" നിണ്റ്റെ മൌനവും പിണങ്ങുന്നു
പുരികക്കൊടിത്തൂവല്‍ തുമ്പിലെ മഷിച്ചന്തം
വിരലാല്‍ത്തലോടിയെന്‍ വിരഹം വിലക്കി ഞാന്‍
നെറ്റിതന്നിളംചൂടെന്‍ നെഞ്ചിലേക്കളക്കവെ
മറ്റൊരു മണികൂടി വണ്ടിയില്‍ മുഴങ്ങുന്നു
"അയലത്തപ്പുക്കുട്ടനച്ഛനുണ്ടല്ലോ കൂടെ
അകലത്തെണ്റ്റെയച്ഛന്‍ മാത്രമായ്‌ മറയുന്നു"
വണ്ടിണയഞ്ചും മിഴി മങ്ങുവാന്‍ തുടങ്ങവെ
"മണ്ടി നീ കരയല്ലെ" വിങ്ങിയെന്‍ കര്‍അള്‍പ്പൂക്കള്‍
ചേലെ നിന്നമ്മയിളം കൈകളാല്‍ കണ്ണീര്‍ത്തൈലം
ചാലിച്ചു പിന്നിയിട്ട മുടിയില്‍ തലോടി ഞാന്‍

"കുറുമ്പില്‍ വരമ്പൊട്ടു മുറിച്ചു കടന്നു നീ
വെറുതേയമ്മക്കു നീ വിഷമം വിളമ്പല്ലേ
കറുകപ്പുല്ലു മൂക്കില്‍ ചുഴറ്റിക്കറക്കി നീ
കറുമ്പിപ്പശുവിണ്റ്റെ ഉറക്കം കെടുത്തല്ലെ
പൊന്നേനീയെന്നും നാലു മണികള്‍ വിടരുമ്പോള്‍
കിന്നാരം പറഞ്ഞുംകൊണ്ടരികത്തിരിക്കണേ
മുല്ലയും പിച്ചകവും ദാഹിച്ചു വരളാതെ
വെള്ളം നീ ദിവസവും കൊടുക്കാന്‍ മറക്കല്ലേ
തുമ്പിയെപ്പിടിച്ചാലും കല്ലെടുപ്പിച്ചും വാലിന്‍
തുമ്പിലായ്‌ വാഴനാരു കെട്ടിയും നോവിക്കല്ലെ
കാലത്തെയെഴുന്നെറ്റു കോലായില്‍ വരും കൊച്ചു
കുരുവിപ്പെണ്ണിനേയും സ്നേഹിക്കാന്‍ പടിക്കണേ

എത്തും ഞാനടുത്തോണ മുറ്റത്തെന്‍ മുത്തേയെണ്റ്റെ
ചിത്തത്തില്‍ വളരും നിന്‍ ചിത്തിരക്കിലുക്കങ്ങള്‍ "

ഒക്കെയും തലയാട്ടികേട്ടു നീ വിതുമ്പലിന്‍
വക്കത്തു നിന്നു വിരല്‍ ചേലയില്‍ ചുഴറ്റുന്നു
വണ്ടിനീങ്ങുന്നു സര്‍വ്വലോകവും ആറുകണ്ണില്‍
വെന്തുവീണൊരു കനല്‍ കരളായുരുകുന്നു


(റയില്‍ വേ സ്റ്റേഷനില്‍ മകളെ പിരിഞ്ഞു വിദൂര ജോലിസ്ഥലത്തേക്കു പോകുന്ന ഒരു പ്രവാസി അച്ഛന്‍ )

കേക വൃത്തതില്‍ എഴുതിയത്‌ ("അങ്കണത്തൈമാവില്‍ നിന്നാദ്യത്തെപ്പഴം വീഴ്കെ" എന്ന താളം)

13 comments:

G.manu said...

റയില്‍ വേ സ്റ്റേഷനില്‍ മകളെ പിരിഞ്ഞു വിദൂര ജോലിസ്ഥലത്തേക്കു പോകുന്ന ഒരു പ്രവാസി അച്ഛന്‍

കേക വൃത്തതില്‍ എഴുതിയത്‌ ("അങ്കണത്തൈമാവില്‍ നിന്നാദ്യത്തെപ്പഴം വീഴ്കെ" എന്ന താളം)

puthia kavitha

Amitab said...

എത്തും ഞാനടുത്തോണ മുറ്റത്തെന്‍ മുത്തേയെണ്റ്റെ
ചിത്തത്തില്‍ വളരും നിന്‍ ചിത്തിരക്കിലുക്കങ്ങള്‍ "

ഒക്കെയും തലയാട്ടികേട്ടു നീ വിതുമ്പലിന്‍
വക്കത്തു നിന്നു വിരല്‍ ചേലയില്‍ ചുഴറ്റുന്നു
വണ്ടിനീങ്ങുന്നു സര്‍വ്വലോകവും ആറുകണ്ണില്‍
വെന്തുവീണൊരു കനല്‍ കരളായുരുകുന്നു


കണ്ണു നിറഞ്ഞു മനു... ഇങ്ങനതെ അനുഭവം ഉണ്ടായതുകൊണ്ടാവും

ശാലിനി said...

നല്ല കവിത. പാടാനൊന്നുമറിയില്ല, എങ്കിലും ഇതൊന്നു ചൊല്ലിനോക്കണമെന്നു തോന്നുന്നു.

Prabha said...

പൊന്നേനീയെന്നും നാലു മണികള്‍ വിടരുമ്പോള്‍
കിന്നാരം പറഞ്ഞുംകൊണ്ടരികത്തിരിക്കണേ
മുല്ലയും പിച്ചകവും ദാഹിച്ചു വരളാതെ
വെള്ളം നീ ദിവസവും കൊടുക്കാന്‍ മറക്കല്ലേ
തുമ്പിയെപ്പിടിച്ചാലും കല്ലെടുപ്പിച്ചും വാലിന്‍
തുമ്പിലായ്‌ വാഴനാരു കെട്ടിയും നോവിക്കല്ലെ


Great Manu
:)

പയ്യന്‍‌ said...

പ്രിയപ്പെട്ട മനു

ഞാന്‍ ആ വിരലുകളില്‍ ചുംബിക്കുന്നു

സാരംഗി said...

വളരെ നന്നായിട്ടുണ്ട്‌ മനു, വായിയ്ക്കാന്‍ വൈകി, എങ്കിലും എത്ര വായിച്ചാലും മതിവരാത്ത കവിത..

Greeshma said...

ചേലെ നിന്നമ്മയിളം കൈകളാല്‍ കണ്ണീര്‍ത്തൈലം
ചാലിച്ചു പിന്നിയിട്ട മുടിയില്‍ തലോടി ഞാന്‍
nooru thavana vayikkan thonnunnu

Navi | നവീ said...

എന്തിനാ.. മനൂ‍ എന്നെ ഇങനെ സെന്റി അടിപ്പിച്ചത്..
എന്റെ മോനെ ഞാന്‍ ഇന്നു പിരിഞതെ ഉള്ളൂ.എന്റെ കയ്യില്‍ ഇപ്പൊഴും അവന്റെ മൂത്രത്തിന്റെ ചൂടുണ്ട്..
ഇന്നേക്കു 8 ദിവസമേ ആയിട്ടുള്ളൂ.. വെള്ളിയഴ്ചയാവാന്‍ കാത്തിരിക്ക്യാ.. ഞാന്‍...
ഓടി നാട്ടില്‍ പോവാന്‍..

ദൃശ്യന്‍ said...

മനൂ,

വളരെ നന്നായിട്ടുണ്ട് കേട്ടോ.
തന്‍‌റ്റെ കവിതകളില്‍ ഏറ്റവും നല്ലത് എന്ന് തന്നെ പറയാം. മുന്‍പെഴുതിയവ വളരെ പുറകോട്ടായിരുന്നോ എന്നു തോന്നിപ്പോയി.

അക്ഷരപ്പിശാചുക്കളെ ശ്രദ്ധിക്കുമല്ലോ?

ഇത്തരം കവിതകള്‍ ഇനിയും പോരട്ടെ.

സസ്നേഹം
ദൃശ്യന്‍

പാര്‍വതി said...

ഹൃദ്യമായ കവിത..

നന്നായിരിക്കുന്നു.

-പാര്‍വതി.

വേണു venu said...

നല്ല കവിത ഇതും.:)

Minukumar said...

വണ്ടിണയഞ്ചും മിഴി മങ്ങുവാന്‍ തുടങ്ങവെ
"മണ്ടി നീ കരയല്ലെ" വിങ്ങിയെന്‍ കര്‍അള്‍പ്പൂക്കള്‍

മിടുക്കന്‍ said...

ഹൃദ്യമായിരിക്കുന്നു.