Monday, 19 February 2007

ബിരിയാണി

ഒരു ബിരിയാണിയില്‍
എല്ലാം ഉണ്ട്‌
കടക്കയര്‍ കഴുത്തില്‍ കുരുങ്ങിച്ചത്ത
എതോ കൃഷിക്കാരണ്റ്റെ
കണ്ണീരില്‍ വിളഞ്ഞ അരി
പോഷകദാഹത്താല്‍ ഭ്രൂണഹത്യചെയ്യപ്പെട്ട
പാവം കോഴിമുട്ട
കിടാങ്ങള്‍ക്കു കൊടുപ്പിക്കാതെ
കറന്നു കവര്‍ന്നെടുത്ത
പശുവിന്‍ പാല്‍ കടഞ്ഞ നെയ്യ്‌
ഇലയെ നോവിക്കാതടര്‍ത്തി തിന്ന
ഒരു കുഞ്ഞാടിണ്റ്റെ
ചോര പുരണ്ട എല്ലിന്‍ തുണ്ട്‌
മായത്താല്‍ ഭ്രമിപ്പിച്ച്‌ തോല്‍പ്പിക്കുന്ന നിറങ്ങള്‍
എടുത്തെറിയലിനു കാത്ത്‌
സുഗന്ധം വറ്റിയ വയണയില, ഏലക്ക ...

ആത്മവഞ്ചനയുടെ താലത്തില്‍
എല്ലാം തയ്യാര്‍
ഏതാദ്യം രുചിക്കണമെന്ന്ഓര്‍ത്ത്‌
കണ്ണീരിനെക്കുറിച്ചു പാടാറുള്ള ഞാന്‍..

18 comments:

G.manu said...

ഒരു ബിരിയാണിയില്‍
എല്ലാം ഉണ്ട്‌
കടക്കയര്‍ കഴുത്തില്‍ കുരുങ്ങിച്ചത്ത
എതോ കൃഷിക്കാരണ്റ്റെ
കണ്ണീരില്‍ വിളഞ്ഞ അരി
പോഷകദാഹത്താല്‍ ഭ്രൂണഹത്യചെയ്യപ്പെട്ട

പുതിയ കവിത...

ശാലിനി said...

ഒത്തിരി കാര്യങ്ങള്‍ പറയുന്നു, വരികള്‍. നന്നായിട്ടുണ്ട്.

ബിരിയാണിക്കുട്ടി said...

അയ്യോ ഇങ്ങനെയും ബിരിയാണിയുണ്ടല്ലേ? സങ്കടായല്ലോ. ഞാനേ, വേറെ ഒരു തരം ബിരിയാണി ഉണ്ടാക്കിത്തരാം ട്ടോ. :)



ഒരു ബിരിയാണിയില്‍
ഇനിയുമേറെയുണ്ട്‌

ഇവിടെ സുഖമാണമ്മേ
അഛന്റെ പനി മാറിയോ
എന്ന വേവ്‌ ശരിയാകുമോ എന്ന ഉത്‌കണ്ഠ.

അഛനുഷാറായി നിങ്ങളെത്തില്ലേ വിഷുവിനെന്ന്
നീണ്ട അരിയുടെ സുഖമുള്ള വേവു മണം.

ഇനിയും ജോലിയാവാത്ത
സുഹൃത്തിനോട്‌ സാരമില്ലെടോ,
ശരിയാകും, ബുധനാഴ്ച ഇവിടെ
തനിക്കിന്റര്‍വ്യൂ ശരിയാക്കിയിട്ടുണ്ട്‌.
ഒരു കുഞ്ഞു ഫോണ്‍ കോളിന്റെ മധുര മുന്തിരിങ്ങ.

സൌഹൃദങ്ങള്‍ മറുകൂടുകള്‍ വെച്ച്‌
പറന്നകലുമ്പോള്‍ വിരലുകളില്‍
തങ്ങിനില്‍ക്കുന്ന ഓര്‍മകളുടെ നെയ്‌ സുഗന്ധം.
അവയ്ക്കൊപ്പം ഒരിക്കലും മങ്ങാത്ത
നിറമുള്ള നമ്മുടെ സ്വന്തം കൂട്ടിലെ
കുങ്കുമപ്പൂക്കളും.

സുന്ദരമായ സുവര്‍ണ്ണത്താലത്തില്‍
മോടിയോടെ വിളമ്പി വെച്ച ഈ ബിരിയാണിയില്‍
ഏത്‌ രുചിക്കാതെ കളയാനാകുമെനിക്ക്‌.

:)

സുല്‍ | Sul said...

മനുവേ

വളരെ നല്ല ചിന്ത തന്നെ. അതവതരിപ്പിച്ച രീതിയും നന്നായിരിക്കുന്നു. ബിരിയാണികഴിക്കുമ്പോളിനി രണ്ടുവട്ടം ചിന്തിക്കണം.

-സുല്‍

സതീശ് മാക്കോത്ത് | sathees makkoth said...

യ്യോ...
ബിരിയാണിയിനിയിപ്പോ എങ്ങനാ കഴിക്കുന്നത്?

ദില്‍ബാസുരന്‍ said...

നല്ല വരികള്‍!

ഓടോ: ബീകുചേച്ചി പറഞ്ഞത് കൂവളത്തിന്റെ ഇല കൊണ്ടുള്ള ബിരിയാണിയെ പറ്റിയാണോ? കേട്ട് കേള്‍വിയില്ലാത്തോണ്ടാണേയ്.. :-)

പടിപ്പുര said...

ബിരിയാണിയെക്കുറിച്ച്‌ ഇതുവരെ ആരും പറയാത്ത കഥ.

സു | Su said...

ബിരിയാണിയില്‍, എത്ര ജീവിതനൊമ്പരങ്ങള്‍. അല്ലേ?

കുട്ടന്മേനോന്‍ | KM said...

മനൂ നനായി വരികള്‍
qw_er_ty

Inji Pennu said...

ഈശ്വരാ, ഇത് കൊടും ക്രൂരതയായിപ്പോയി! ഹൊ! ഞാനെന്നാ പച്ചക്കറിയിലെ പുഴുക്കളെ പറ്റി എഴുതാന്‍ പോവാ...പ്രതികാരത്തിനു! :)

Nousher said...

ബ്ലോഗ് വായന കൊണ്ടിപ്പോ ബിരിയാണി പോലും ഒഴിവാക്കേണ്ടി വരുമോ..? :(

നന്നായിരിക്കുന്നു.

Siji said...

കവിത ഇഷ്ടപ്പെട്ടു.വേറിട്ട ചിന്ത.

Nandan said...

ബിരിയാണിയിലൂടെ മനുഷ്യജീവിതത്തിന്‍ കാപട്യം, ആത്മവഞ്ചന എല്ലാം പകര്‍ത്തിയ ഉഗ്രന്‍ കവിത

ദൃശ്യന്‍ said...

ചിന്ത കൊള്ളാം മനു.

സസ്നേഹം
ദൃശ്യന്‍

സുന്ദരന്‍ said...

ഒരു ബിരിയാണിയില്‍ ഈപറഞ്ഞ കാര്യങ്ങള്‍ എല്ലാം ഉണ്ടായിരുന്നല്ലേ...ഞാന്‍ എല്ലുപോലും കാണാറില്ലായിരുന്നു...(വിശപ്പിന്റെ അസുഖമുള്ളതാണേ...ഇനി നോക്കിക്കോളാം)

വേണു venu said...

ഒരു ബിരിയാണിയില്‍ ഒളിച്ചിരുന്ന ഇത്രയും നല്ല ചിന്തകളെ കാണിച്ചു തന്ന മനു നന്നായിരിക്കുന്നു.‍

Peelikkutty!!!!! said...

ദൈവമെ ഇനി എങ്ങനെ-
കോയിക്കോടന്‍‌ ബിരിയാണി കയിക്കും..
എങ്ങിനെ ഞാന്‍‌ എങ്ങിനെ ഞാന്‍‌..
അണ്ടിപ്പരിപ്പ് തേടിയെടുത്ത്
വായിലിട്ട് തഴുകും :-(

ശ്രിഹരി said...

ഇതിപ്പൊ ഒരു ഫുളള് ബിരിയാണിയുടെ കാര്യമാണോ അതോ...?